യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പായെന്ന് നടി സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ഇക്കാര്യത്തിൽ പരാതിക്കാരിയായ നടിയുടെ നിലപാട് തേടിയിരുന്നു. തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുപക്ഷവും വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയതായി നടി അറിയിച്ചത്.
ഇതിനുമുമ്പ്, നടിയെ അധിക്ഷേപിച്ച പരാമർശവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടിയും പിന്നീട് പ്രതികരിച്ചു.
ബോബി ചെമ്മണ്ണൂരിന്‍റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനം നല്ല തീരുമാനമാണെന്നും, ഇക്കാര്യത്തിൽ മാതാപിതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് മാപ്പ് സ്വീകരിച്ചതെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തത്.