ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് പുതിയ പാഠപുസ്തകത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർഥികളുടെ മനസ്സിൽ വിഷം നിറയ്ക്കാനുമുള്ള ബിജെപിയുടെ ഉപകരണമായി എൻസിഇആർടി മാറിയെന്നാണ് അദ്ദേഹം ആരോപിച്ചത്.
മുൻകാലങ്ങളിൽ എന്താണ് പഠിപ്പിക്കേണ്ടതെന്ന് ശാസ്ത്രീയമായും അക്കാദമികമായും തീരുമാനിച്ചിരുന്ന മികച്ച സ്ഥാപനമായിരുന്നു എൻസിഇആർടിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പാഠപുസ്തകങ്ങളിലൂടെ ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ചരിത്രത്തെ വികൃതമാക്കി പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ മാറ്റാൻ ശ്രമിക്കുകയാണെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.