കൊല്ലം ആശ്രമം മൈതാനത്ത് സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 20 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായിരുന്നു. സർക്കാർ കഴിഞ്ഞ 9 വർഷം ജില്ലയിൽ നടപ്പാക്കിയ വികസന, ജനക്ഷേമ, സേവന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയിൽ വിസ്മയ, കൗതുകക്കാഴ്ചകൾക്കൊപ്പം എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 10 മുതൽ രാത്രി 10 വരെ ദിവസവും നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. സർക്കാരിൻ്റെ ജനക്ഷേമപ്രവർത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഉത്പന്ന പ്രദർശനവും ന്യായവിലയ്ക്കുള്ള വിൽപ്പനയും ഉണ്ടാകും.
കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വിവരപൊതുജനസമ്പർക്ക വകുപ്പിൻ്റെ പ്രദർശനം, പുസ്തകമേള, കാർഷിക പ്രദർശന-വിപണനമേള, സാംസ്കാരിക കലാപരിപാടികൾ, കായിക വിനോദവിജ്ഞാന പരിപാടികൾ, കാരവൻ ടൂറിസം പ്രദർശനം, ഭക്ഷ്യമേള, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ,
ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, സ്പോർട്സ് പ്രദർശനം, കായികവിനോദ മേഖല, തത്സമയ മത്സരങ്ങൾ, ക്വിസ്, സെൽഫി പോയിൻ്റുകൾ ഇതര ആക്ടിവിറ്റി കോർണറുകൾ എന്നിവ മേളയെ ആകർഷകമാക്കുന്നു.