ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി അസാധുവാക്കി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിൻ്റെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്.
നാലാഴ്ചയ്ക്കകം നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ വിവിധ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെയാണ് സമാന വിഷയത്തിൽ കോടതി മറ്റൊരു നിർണായക വിധി പുറപ്പെടുവിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം “ദൈവത്തിൻ്റെ അനുഗ്രഹത്താൽ ഉമ്മൻചാണ്ടിയുടെ നാമത്തിൽ” എന്ന പരാമർശത്തോടെയായിരുന്നു സുനിൽ ചുവട്ടുപാടം സത്യപ്രതിജ്ഞ നടത്തിയത്. നിയമപ്രകാരമുള്ള സത്യപ്രതിജ്ഞാ ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകപ്പെട്ടത്.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് അംഗം സി.കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സത്യപ്രതിജ്ഞ അസാധുവാണെന്ന് കണ്ടെത്തി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.