നടൻ ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ, വിവാദമായ വർഗീയ പരാമർശത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അമ്മ പ്രസിഡണ്ട് ശ്വേതാ മേനോൻ വ്യക്തമാക്കി. കടവന്ത്ര പൊലീസ് നടത്തിയ മൊഴിയെടുപ്പിലാണ് ശ്വേതാ മേനോൻ ഇക്കാര്യം അറിയിച്ചത്.
അൻസിബ ഹസൻ മതം മാറ്റാൻ ശ്രമിച്ചുവെന്ന തരത്തിൽ ടിനി ടോം നടത്തിയതായി പറയപ്പെടുന്ന പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അവർ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് ടിനി ടോമിൻ്റെ മൊഴിയും ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ, കേസിൻ്റെ ഭാഗമായി നടി നീന കുറുപ്പിൻ്റെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച തന്നെ സമർപ്പിക്കുമെന്നാണ് വിവരം.
അതേസമയം, നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐ രേഷ്മയ്ക്കുമെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് അൻസിബ ഹസൻ കോടതിയെ സമീപിച്ചു. പരാതിയിൽ പൊലീസ്-ലക്ഷ്മിപ്രിയ ഒത്തുകളിയുണ്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹിൽപാലസ് എസ്എച്ച്ഒയോട് കോടതി നിർദേശിച്ചു.