ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജെയിലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രിയയെ 2-0ന് കീഴടക്കി അർജന്റീന നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ടഗോളുകളാണ് ലോകചാമ്പ്യൻമാർക്ക് തുടർച്ചയായ രണ്ടാം ജയം സമ്മാനിച്ചത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്തു. എട്ടാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിന് പരിശോധനയ്ക്ക് ശേഷം അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ മെസിക്ക് അവസരം മുതലാക്കാനായില്ല.

പെനാൽറ്റി നഷ്ടമായെങ്കിലും അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് കൂർമ്മത കുറയാതെ തുടർന്നു. ആദ്യ പകുതിയുടെ 38-ാം മിനിറ്റിൽ മെസി നേടിയ മനോഹര ഗോളിലൂടെ അർജന്റീന ലീഡ് സ്വന്തമാക്കി. തുടർന്ന് ലീഡ് വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ പകുതി 1-0 എന്ന നിലയിലാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ ഓസ്ട്രിയ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിൻ്റെ മികച്ച സേവുകൾ ടീമിനെ രക്ഷിച്ചു. മത്സരം അവസാനത്തിലേക്ക് നീങ്ങുന്നതിനിടെ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും സ്കോർബോർഡിൽ മാറ്റമുണ്ടായില്ല.

എന്നാൽ ഇൻജുറി ടൈമിനോട് അടുക്കുമ്പോൾ വീണ്ടും മെസി മാജിക്ക്. കൗണ്ടർ അറ്റാക്കിലൂടെ ലഭിച്ച അവസരം കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് താരം തന്റെ രണ്ടാം ഗോളും ടീമിൻ്റെ രണ്ടാം ഗോളും നേടി. തുടർന്ന് ലഭിച്ച ഫ്രീകിക്കിലൂടെ ഹാട്രിക്ക് പൂർത്തിയാക്കാൻ അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിയില്ല.

അവസാനം 2-0ൻ്റെ വിജയവുമായി അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി നോക്കൗട്ട് റൗണ്ടിലെ സ്ഥാനം ഉറപ്പിച്ചു. ഈ ലോകകപ്പിൽ ഇതിനകം അഞ്ച് ഗോളുകൾ നേടിയ മെസി, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനെന്ന നേട്ടവും സ്വന്തമാക്കി. ഓസ്ട്രിയക്കെതിരായ ഇരട്ടഗോളോടെ അദ്ദേഹത്തിൻ്റെ ലോകകപ്പ് ഗോൾസംഖ്യ 18 ആയി ഉയർന്നു. 16 ഗോളുകളുമായി മുൻനിരയിലുണ്ടായിരുന്ന ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസി മറികടന്നത്.

Related Posts