അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തിനായി ഇന്ന് ലക്നൗവിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിന് പരമ്പര സ്വന്തമാക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രം. ആദ്യ മത്സര ത്തിൽ 7 വിക്കറ്റിൻ്റെ അനായാസജയം നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിലും അഫ്ഗാൻ കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല. മറുവശത്ത് അട്ടിമറി സാധ്യതയില്ലെങ്കിലും ഇന്ത്യയ്ക്ക് ഏകപക്ഷീയ ജയം നിഷേധിക്കുകയാകും അഫ്ഗാൻ്റെ ലക്ഷ്യം. മത്സരം ഉച്ചകഴിഞ്ഞ് 1.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും തത്സമയം.
ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണ ആധിപത്യവുമായാണ് ഇന്ത്യ കളംപിടിച്ചത്. അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഗില്ലിനു തന്നെയാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ ചുമതല. ഒന്നാം ഏകദിനത്തിൽ, നല്ല തുടക്കം ലഭിച്ചിട്ടും റണ്ണൗട്ടിലൂടെ പുറത്താകേണ്ടിവന്ന സീനിയർ താരം രോഹിത് ശർമയ്ക്ക് ഇന്നത്തെ മത്സരത്തിൽ ഫോം കണ്ടെത്തേണ്ടതുണ്ട്. ഇഷാൻ കിഷൻ, കെ.എൽ.രാഹുൽ എന്നിവരടങ്ങുന്ന മധ്യനിര ആദ്യ മത്സരത്തിൽ താളം കണ്ടെത്തിയതും ഇന്ത്യയ്ക്ക് ആശ്വാസമായി.