തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വെറ്റിംഗ് ഷെഡിലേക്കും മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. മരിച്ചയാളുടെ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്ന് രാവിലെ 8.15ഓടെയായിരുന്നു അപകടം. അമിതവേഗത്തിൽ എത്തിയ ബസ് ആദ്യം കെഎസ്ആർടിസി വെറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു ബസിലും കാറിലും ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരനെ അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.