മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി എക്സാലോജിക് കമ്പനിയുടെ ഉടമയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുമായ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. ഭർത്താവും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസിനൊപ്പമാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.

നേരത്തെ ഈ മാസം 12-ന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ കൂടുതൽ സമയം തേടിയിരുന്നു. തുടർന്ന് പുതുക്കി നൽകിയ നിർദേശപ്രകാരമാണ് ഇന്ന് ഹാജരായത്.

സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, എക്സാലോജിക് കമ്പനിയുടെ ധനകാര്യ രേഖകൾ, മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ച് ഇഡി വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, കേസിൽ കഴിഞ്ഞ ദിവസം ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും മകൻ ശരൺ എസ്. കർത്തയും ഇഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്കാണ് കടക്കുന്നത്.

Related Posts