കേന്ദ്രാവിഷ്കൃത കായിക പദ്ധതിയായ പൈക്കയിലെ (PYKKA) കോടികളുടെ തിരിമറിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. അഴിമതിക്കേസിൻ്റെ അന്വേഷണച്ചുമതല എൻ.പ്രശാന്തിനെ ഏൽപ്പിച്ചതായും, ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സ്പെഷ്യൽ സെക്രട്ടറിക്ക് അടിയന്തരമായി കൈമാറാൻ കായിക മന്ത്രി നിർദേശിക്കുകയും ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണത്തിനായി ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
ഗ്രാമീണ കായിക മേഖലയുടെ ഉന്നമനത്തിനായി 2008-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയിൽ കേരളത്തിന് അനുവദിച്ച 36.37 കോടി രൂപയിൽ വൻ ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. തദ്ദേശ സ്ഥാപനങ്ങൾ വഴി 23.88 കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2014-ൽ പദ്ധതി അവസാനിപ്പിച്ചപ്പോൾ മിച്ചം വന്ന 11.91 കോടി രൂപ കേന്ദ്ര ഫണ്ടിലേക്ക് തിരിച്ചടയ്ക്കാൻ നിർദേശമുണ്ടായിരുന്നെങ്കിലും സ്പോർട്സ് കൗൺസിൽ അതിന് തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടിയായി, മിച്ചം വന്ന തുക എവിടെയാണെന്ന് അറിയില്ലെന്ന അവിശ്വസനീയമായ വിശദീകരണമാണ് സ്പോർട്സ് കൗൺസിൽ നൽകിയത്. പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന എം.ആർ.രഞ്ജിത്തിനെതിരെ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ 2016-ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അദ്ദേഹം വീണ്ടും സ്പോർട്സ് കൗൺസിലിലേക്ക് തിരിച്ചെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.