എറണാകുളം കുന്നുവഴിയിൽ 34 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹസിബൽ ഷേക്ക് (30 ), റക്കീബുൽ ഷേക്ക് (30), സമ്രാട്ട് ഷേക്ക് (36), സഞ്ജീബ് മണ്ഡൽ (48) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
ട്രെയിൻ മാർഗം ഒഡീഷയിൽ നിന്ന് ആലുവയിൽ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുന്ന വഴിയാണ് ഇവരെ പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കുന്നതിന് വേണ്ടിയാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങി കഞ്ചാവ് പെരുമ്പാവൂരിൽ 30,000 രൂപയ്ക്ക് ആയിരുന്നു വിൽപ്പന നടത്തിയിരുന്നത്.