കണ്ണൂർ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിനിടെ അപകടം. പുലർച്ചെ നാലരയോടെ തെയ്യം ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ആൾക്കൂട്ടത്തിനിടയിലേക്ക് അമിട്ട് വീണു പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. അഞ്ചുപേർക്ക് പരിക്കുപറ്റി. അതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. തെയ്യം ചടങ്ങുകൾ നടക്കുന്നിടത്തുനിന്ന് 50 മീറ്ററോളം മാറിയാണ് പടക്കങ്ങൾ പൊട്ടിച്ചത്.
പക്ഷെ കത്തിച്ച അമിട്ട് മുകളിൽ പോയി പൊട്ടേണ്ടതിന് പകരം ക്ഷേത്ര നടയുടെ സമീപത്തേക്ക് വന്നുവീണ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. തെയ്യം ഇറങ്ങുന്ന സമയത്താണ് പടക്കം പൊട്ടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആളിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല എന്നാണ് വിവരം. പടക്കം പൊട്ടിച്ചതിൽ പങ്കില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. തെയ്യച്ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ആചാരമില്ലെന്നും ഭാരവാഹികൾ പറയുന്നു. തെയ്യം കാണാനെത്തിയ വിശ്വാസികളിൽ ചിലരാണ് പടക്കം പൊട്ടിച്ചത്.