മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തിരുവനന്തപുരത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്കും അജയ് മാക്കനുമാണ് തലസ്ഥാനത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു. നിരീക്ഷകർ, ഇന്ദിരാഭവനിൽ മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
നാളെ രാവിലെ പത്തരക്ക് കെ പി സി സി ആസ്ഥാനത്താകും കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം. ഇതിനു പുറമെ എം എൽ എമാരെ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം പിമാരുടെയും മുതിർന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക.