തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. ഏപ്രിൽ നാലാം തീയതി എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടക്കുക.

തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ  പ്രവർത്തകർ അണിനിരക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ നടന്ന പൊതു പരിപാടിയിലും തൃശൂർ നഗരത്തിൽ നടന്ന റോഡ് ഷോയിലും പാലക്കാട്ട് നടന്ന പൊതു പരിപാടിയിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.

ആറന്മുള, തിരുവല്ല, ചെങ്ങന്നൂർ അടക്കം സമീപത്തെ പ്രധാന 10 നിയമസഭാ മണ്ഡങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. തിരുവല്ല ബ്ലിക് സ്റ്റേഡിയത്തിൽ മുപ്പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ പ്രവർത്തകർക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

Related Posts