ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക് എത്തും. ഇറാൻ ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഏകദേശം 94,000 ടൺ എൽപിജിയുമായി പുറപ്പെട്ട കപ്പലുകളിൽ ആദ്യത്തേത് ഇന്ന് മുംബൈയിലും രണ്ടാമത്തേത് നാളെ മംഗളൂരുവിലും എത്തുമെന്നാണ് വിവരം. ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ യാത്രാനുമതി ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ടതില്ലെന്നും പ്രതിസന്ധി ഒഴിവാക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് തുടർന്ന് ഇന്ത്യ. മണ്ണെണ്ണ വിതരണം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിയമങ്ങളിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിൽ മണ്ണെണ്ണ വിതരണം ചെയ്യും.