നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 985 സ്ഥാനാർഥികളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് 1254 പേരാണ് ആകെ പത്രികകൾ സമർപ്പിച്ചിരുന്നത്. ഇതിൽ 269 സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലമാണ് 16 സ്ഥാനാർഥികളുമായി തൊട്ടുപിന്നിലുള്ളത്.
നാളെ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ കേരളത്തിലെ യഥാർഥ മത്സര ചിത്രം തെളിയും. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്.