വയനാട്ടിൽ 3 കടുവകളെ ചത്ത നിലയിൽ കാണപ്പെട്ടു. കുറിച്യാട് കാടിനുള്ളിൽ ഒരു ആൺകടുവയേയും ഒരു പെൺകടുവയേയും ചത്ത നിലയിൽ കണ്ടെത്തി. മേപ്പാടി കുട്ടമുണ്ട സബ് സ്റ്റേഷന് സമീപത്താണ് മറ്റൊരു ആൺ കടുവയെ ചത്തതായി കണ്ടെത്തിയത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കുറിച്യാട് കാടിനുള്ളിൽ പട്രോളിങ്ങിനിടെ ഇന്ന് വൈകിട്ടോടെ കടുവകളുടെ ജഡം കണ്ടെത്തിയത്. കടുവകൾ ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങൾ ലഭ്യമാവുകയുള്ളു.

കാപ്പിത്തോട്ടത്തിലെ തൊഴിലാളികളാണ് മേപ്പാടിയിലെ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചപ്പോൾ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടത്.

അത് സ്വഭാവികമായി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. വയനാട്ടിൽ കടുവ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തോടെ നാട്ടുകാർ അതീവ ഭീതിയിലാണ്.

Related Posts