ബംഗളുരു: ആൾ ഇന്ത്യ കെഎംസിസി ബംഗളുരു മൈസൂർ റോഡ് – സാറ്റലൈറ്റ് – ബിടതി ഏരിയ കമ്മിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗ്രാൻഡ് ബ്രിഡ്ജ് വേ റെസ്റ്റോറന്റിൽ നടന്ന പ്രൗഢമായ സംഗമം ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. നിലവിലെ ആഗോള സാഹചര്യങ്ങളെ മുൻനിർത്തി അദ്ദേഹം സംസാരിച്ചു. ഗസ്സയിലുൾപ്പെടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട കാലമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധക്കെടുതിയിൽ വിറങ്ങലിക്കുന്ന ലോകത്തിന് ശാന്തിയുടെയും കാരുണ്യത്തിൻ്റെയും സന്ദേശമായി റംസാൻ വ്രതം മാറണമെന്നും, ആതുരസേവന രംഗത്ത് എഐകെഎംസിസി നടത്തുന്ന പ്രവർത്തനങ്ങൾ ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരിയ പ്രസിഡണ്ട് മജീദ് ബ്രിഡ്ജ് വേ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഐകെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് വി.കെ.നാസർ, സെക്രട്ടറി റഹീം ചാവശേരി,ടിസി മുനീർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. മഹമൂദ് കോയ്യോട് സ്വാഗതം ആശംസിച്ചു.
ഗൗരി പാളയം ഷാഫി മസ്ജിദ് ഖത്തീബ് അബ്ദുൽ റഹൂഫ് ഹിഷാമിയുടെ നേതൃത്വത്തിൽ മർഹൂം അബൂബക്കർ സിദ്ധീഖ്, മജീദ് ബ്രിഡ്ജ് വേയുടെ മാതാവ് മർഹൂമ ഖദീജ എന്നിവരെ ചടങ്ങിൽ അനുസ്മരിക്കുകയും അവർക്കായി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായവർക്ക് നൽകുന്ന ഈദ് റിലീഫ് കിറ്റുകളുടെ വിതരണം മാർച്ച് 15-ന് നടക്കുമെന്ന് ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു. പ്രമുഖ വ്യക്തിത്വങ്ങളും എഐകെഎംസിസി പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു. ഏരിയ ട്രഷറർ റഫീഖ് നന്ദി പറഞ്ഞു.