‘കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും’; ജി സുധാകരനെതിരെ വീടിന് മുന്നിൽ പ്രതിഷേധ ബാനർ
സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിൽ പ്രതിഷേധ ബാനർ. ‘കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും’ എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്.
പാർട്ടിയുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ‘പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു’വെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് ജി സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.