2021ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീനാദേവി കുഞ്ഞമ്മ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്താണെന്ന് പരാതി. തുടർന്ന് ശ്രീനാദേവിയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. അടൂർ താലൂക്ക് സപ്ലയർ ഓഫീസറാണ് കാർഡ് റദ്ദാക്കിയത്. കാർഡ് ഉടമയുടെ മക്കളുടെ പരാതിയിലാണ് നടപടി.
റേഷൻ കാർഡിൻ്റെ അവകാശികളായ ശ്രീജിത്ത്, ശ്യാംജിത്ത്, സംജിത്ത് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കാർഡുടമയുടെ ഭർത്തൃസഹോദരിയുടെ മകളെന്ന് സൂചിപ്പിച്ചാണ് കാർഡിൽ പേര് ചേർത്തിരിക്കുന്നത്. എന്നാൽ, കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ, താൻ ഏറെ നാൾ റേഷൻ കാർഡിൽ പറയുന്ന വീട്ടിൽ താമസിച്ചിട്ടുണ്ടെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പറയുന്നത്. തനിക്ക് പരാതിക്കാരുമായി ബന്ധമുണ്ടെന്നും അവർ അവകാശപ്പെടുന്നു. പരാതി രാഷ്‌ട്രീയ പകപോക്കലാണെന്നും ശ്രീനാദേവി ആരോപിച്ചു.