ആഗോള അയ്യപ്പ സംഗമത്തിലെ സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടിൽ ദേവസ്വം ബോർഡിനോട് മറുപടി തേടി ഹൈക്കോടതി. 10 ദിവസത്തിനകം കൃത്യമായ കണക്കുകൾ കോടതിയെ ധരിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിൽ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് പരാമർശമുണ്ടെന്നാണ് വിവരം. പിഎസ് പ്രശാന്ത് ആയിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്.
അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സർക്കാരിൻ്റെയോ ദേവസ്വം ബോർഡിൻ്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം ഹൈക്കോടതി നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാൽ ദേവസ്വം ബോർഡിൻ്റെ സർപ്ലസ് ഫണ്ടിൽ നിന്നും 3 കോടിയിലധികം രൂപ ചെലവാക്കിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ആഗോള അയ്യപ്പ സംഗമത്തിനായി 4 കോടി രൂപ സ്പോൺസർഷിപ്പിലൂടെ കിട്ടിയ കാര്യം അറിയാമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. സർക്കാർ അയ്യപ്പസംഗമത്തിനായി ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമാണ്. അയ്യപ്പ സംഗമം കാരണമാണ് ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു.