യു.ഡി.എഫിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് പി.വി. അന്‍വര്‍ എം.എല്‍.എ.യെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ വിഭാഗം അതിനെ എതിര്‍ക്കുന്നു. കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന് അന്‍വറിനോട് മൃദുസമീപനമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എ ഗ്രൂപ്പിനും അന്‍വറിനെ മുന്നണിയിലെടുക്കുന്നതിനോട് യോജിപ്പില്ല. കോണ്‍ഗ്രസിലായിരുന്നകാലത്ത് അന്‍വര്‍ കെ. സുധാകരന്‍റെ അനുയായിയായിരുന്നു. സുധാകരന്‍ വനംമന്ത്രിയായിരിക്കെ അന്‍വര്‍ അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മുസ്ലിംലീഗ് വഴി കോണ്‍ഗ്രസിലെ എതിര്‍പ്പ് മറികടക്കാമെന്നാണ് അന്‍വറിന്‍റെ പ്രതീക്ഷ. മുന്നണിയില്‍ ഘടകകക്ഷിയായി നിലമ്പൂര്‍ സീറ്റ് ഉറപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. എ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണിത്. മലപ്പുറത്തെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് നാലില്‍ മാത്രമാണ്. അത് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നിലമ്പൂര്‍ സീറ്റ് ആര്യാടന്‍ ഷൗക്കത്തിനായി നേതൃത്വം നോക്കിവെച്ചിരിക്കുന്നതുമാണ്. കഴിഞ്ഞപ്രാവശ്യം 2700 വോട്ടുകള്‍ക്ക് മാത്രമായിരുന്നു നിലമ്പൂരില്‍ അന്‍വറിന്‍റെ ജയം. ഈ ഭൂരിപക്ഷം മറികടക്കാവുന്നതാണെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അന്‍വര്‍ യു.ഡി.എഫിലേക്കെന്ന സൂചന വന്നപ്പോള്‍ത്തന്നെ ആര്യാടന്‍ ഷൗക്കത്ത് അതിനെതിരേ രംഗത്തുവന്നിട്ടുമുണ്ട്.

Related Posts