ടാറ്റാ സ്റ്റീല്‍ ചെസ് 2025ല്‍ ഇന്ത്യയുടെ ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള എട്ടാം റൗണ്ടിലെ മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഗുകേഷും പ്രജ്ഞാനന്ദയും അഞ്ചര പോയിന്‍റ് വീതം നേടി ടൂര്‍ണ്ണമെന്‍റിൻ്റെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ചെസില്‍ എവിടെയും ഉയരുന്ന ഇന്ത്യന്‍ മേധാവിത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടിയായി മാറിയിരിക്കുകയാണ് നെതര്‍ലാന്‍റ്സില്‍ നടക്കുന്ന ചെസിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ടാറ്റാ സ്റ്റീല്‍ ചെസ്.
ലോകകപ്പ് ചാമ്പ്യന്‍പട്ടം നേടിയതിന് ശേഷമുള്ള ഗുകേഷിൻ്റെ ആദ്യ ടൂര്‍ണ്ണമെന്‍റാണിത്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും പടിപടിയായി വിജയങ്ങള്‍ കൊയ്താണ് ഗുകേഷിൻ്റെ മുന്നേറ്റം. തുടക്കത്തില്‍ വിജയങ്ങള്‍ കൊയ്ത പ്രജ്ഞാനന്ദ കഴിഞ്ഞ മൂന്ന് റൗണ്ടുകളില്‍ സമനിലകളില്‍ കുരുങ്ങി അധിക പോയിന്‍റുകള്‍ നേടാനാകാത്ത സ്ഥിതിയിലാണെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ഇവര്‍ക്കൊപ്പം അഞ്ചര പോയിന്‍റുമായി ഉക്രൈന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവും മുന്‍പന്തിയിലുണ്ട്.