ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വൻ്റി20 യിൽ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിരമിക്കൽ തീരുമാനമെന്നാണ് സ്റ്റാർക് അറിയിച്ചത്. 65 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം 2021 ൽ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.

”ആഷസ്, ഇന്ത്യൻ ടെസ്റ്റ് പര്യടനം, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് മികച്ച ഫോമിൽ തുടരാൻ ഇത് ഏറ്റവും നല്ല മാർഗമാണെന്ന് കരുതുന്നു. കൂടാതെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വൻ്റി 20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാൻ ടീമിന് ഇത് സമയം നൽകുകയും ചെയ്യും” അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ച ഓരോ ട്വൻ്റി20 മത്സരവും താൻ ആസ്വദിച്ചിട്ടുണ്ടെന്നും താരം പ്രതികരിച്ചു. ടീമിലെ അംഗങ്ങളെയും രസകരമായ നിമിഷങ്ങളെയും താൻ സ്നേഹിക്കുന്നു. താൻ ഏറ്റവും പ്രാധാന്യം നൽകുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണെന്നും സ്റ്റാർക് പറഞ്ഞു.

Related Posts