ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജൻ്റിന പോരാട്ടം നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിലാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജൻ്റിനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാന്‍. ആരാധകര്‍ക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ട്.
അര്‍ജൻ്റിന ഇറങ്ങുന്നത് ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി ഇല്ലാതെയാണ്. 13 കളിയില്‍ 28 പോയിന്റുമായി ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജൻ്റിന ഒന്നാമതാണ്. 21 പോയിന്റുകളുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ 6 വര്‍ഷമായി അര്‍ജൻ്റിനയ്‌ക്കെതിരെ ഒരു മത്സരവും ബ്രസീല്‍ ജയിച്ചിട്ടില്ല. 2019ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഒരു മേജര്‍ കിരീടവും ബ്രസീലിനില്ല.
മറുഭാഗത്ത് അര്‍ജൻ്റിന 2022ലെ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍, ഫൈനലിസിമ കിരീടം എന്നിവയെല്ലാം അതിനിടെ നേടി. പുതിയ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിൻ്റെ കീഴില്‍ തുടര്‍ സമനിലകളുമായി നട്ടംതിരിയുകയായിരുന്നു ബ്രസീല്‍. കഴിഞ്ഞ കളിയില്‍ കൊളംബിയക്കെതിരെ വിജയം നേടി ജയ വഴിയില്‍ തിരിച്ചെത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് കാണികള്‍.