വിദേശത്തുനിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര ചന്ദനപ്പള്ളി വടക്കേക്കരവീട്ടിൽ ഡോ. ബിന്ദുഫിലിപ്പ് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിക്ക് എംസി റോഡിൽ വയയ്ക്കൽ കമ്പംകോടിനു സമീപത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവറായ ബൈജു ജോർജ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
10 വർഷമായി ദുബായിൽ ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. മേയ് 4 ന് കൂദാശ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പുതിയ വീടിൻ്റെ നിർമ്മാണ സംബന്ധമായ ആവശ്യങ്ങൾക്കായി 4 ദിവസത്തെ അവധിക്കാണ് ഡോക്‌ടർ നാട്ടിലേക്ക് വന്നത്. രണ്ടുവർഷം മുൻപ് ഭർത്താവ് അജി പി.വർഗീസ് മരണപ്പെട്ടിരുന്നു.
സംസ്‌കാരം ബുധനാഴ്‌ച 11-ന് ചന്ദനപ്പള്ളി സെയ്ൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും