വൈഭവ് സൂര്യവംശിയെ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് കെ. ശ്രീകാന്ത്. സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ടൂർണമെൻ്റിനുള്ള സ്ക്വാഡ് ചൊവ്വാഴ്‌ച പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രീകാന്ത് അഭിപ്രായവുമായി രംഗത്തുവന്നിരിക്കുന്നത്. ഓപണിങ് പൊസിഷനിൽ ആരു കളിക്കണമെന്ന ചർച്ചയും സജീവമാണ്.
നിങ്ങൾ ഉറച്ച തീരുമാനങ്ങളെടുക്കണം. പക്വമായ രീതിയിലാണ് വൈഭവ് കളിക്കുന്നത്. അയാളുടെ ഓരോ ഷോട്ടും വേറെ തലത്തിലാണ്. ഞാനായിരുന്നു ചെയർമാനെങ്കിൽ വൈഭവ് തീർച്ചയായും സ്ക്വാഡിലുണ്ടാകും. ഏഷ്യാകപ്പിനുള്ള 15 അംഗ ടീമിൽ വൈഭവ് സുര്യവംശിയെ ഉൾപ്പെടുത്തണം. ട്വൻ്റി 20 ലോകകപ്പിലും വൈഭവിനെ കളിപ്പിക്കണം – ശ്രീകാന്ത് പറഞ്ഞു.
ഐ.പി.എലിൽ തിളങ്ങിയ താരങ്ങളെ ഓപണറാക്കിയ ശേഷം സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണം. സായ് സുദർശനും യശസ്വി ജയ്സ്വാളും ഐ.പി.എലിൽ നന്നായി കളിച്ചവരാണ്. ഇവരിൽ ആരെങ്കിലും ഓപ്പണിങ് ബാറ്ററാകട്ടെ. ഞാൻ സിലക്‌ടർ ആയിരുന്നെങ്കിൽ അഭിഷേക് ആയിരിക്കും ഒന്നാം നമ്പർ ബാറ്റർ. മികച്ച ഫോമിലുള്ള അഭിഷേക് ശർമക്കൊപ്പം സായ് സുദർശൻ, വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ എന്നിവരിൽ ഒരാൾ സഹ ഓപണറായി ഇറങ്ങണം. – ശ്രീകാന്ത് പറഞ്ഞു.