മണ്ണാർക്കാട്ടെ കൊന്നക്കോടിനു സമീപം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർക്കും വീട്ടിലെ വാടകയ്ക്ക് താമസിക്കുന്ന രണ്ടു പേർക്കും മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്.
കൊന്നക്കോട് പാലേങ്ങൽ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ ഫാത്തിമ ഷിഫ (15), വീട്ടിലെ താമസക്കാരും തേനീച്ച കർഷകരുമായ അലക്സാണ്ടർ, ശേഖർ, ഡ്രൈവർ കാരാകുറുശി വലിയട്ട സ്വദേശി ആസിഫ് (33), എന്നിവർക്കാണു പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെനാണു പ്രാഥമിക വിവരം.
പള്ളിക്കുറുപ്പ് ഭാഗത്തു നിന്നു മണ്ണാർക്കാട് ഭാഗത്തേയ്ക്കു വരുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ടു റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വീടിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റ ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.