സമാജം ഒരുക്കിയ ദിവസം മുഴുവൻ നീണ്ടു നിന്ന സംയുക്ത മേഖല കലോത്സവം ഒത്തു ചേരലിൻ്റെ സൗഹാർദ്ദ വേദിയും സംഗീത കാവ്യ നൃത്ത താള അഭിനയ കലകളുടെ ലയ സാന്ദ്ര പ്രതിഭോത്സവവുമായി പര്യവസാനിച്ചു. പ്രേക്ഷകർക്ക് കലയുടെ മാസ്മരിക അനുഭൂതി പകർന്ന അവിസ്മരണീയ അനുഭവമായി ഈ വർഷത്തെ കലോത്സവം.

കേരളസമാജം ദൂരവാണിനഗറിൻ്റെ 8 സോണുകളിൽ ഉള്ള മലയാളികൾക്ക്‌ കലാ പരിപാടികൾ അവതരിപ്പിക്കുവാൻ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി നടത്തി വരുന്നതാണ് സംയുക്ത മേഖല കലോത്സവം.

ഈ വർഷത്തെ ഫെസ്റ്റിവൽ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്‌ണൻ ഉണ്ണിത്താൻ (ഐ ടി ഐ കോളനി), സുഖിലാൽ (വിജിനപുര), രാജു എ യു (കെ ആർ പുര), എസ് വിശ്വനാഥൻ (ഉദയനഗർ), ബാലകൃഷ്ണ പിള്ള (മഹാദേവപുര), പുരുഷോത്തമൻ നായർ (രാമമൂർത്തി നഗർ ഈസ്റ്റ്‌), പവിത്രൻ കെ കെ (രാമമൂർത്തിനഗർ വെസ്റ്റ്‌), ഇ. പ്രസാദ് (മാരഗൊണ്ടന ഹള്ളി), എന്നീ സോണൽ സെക്രട്ടറിമാർ കലോത്സവത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

ദിവസം മുഴുവൻ നീണ്ടു നിന്ന കലോത്സവത്തിൽ കുട്ടികളും മുതിർന്നവരുമായ 137കലാകാരന്മാരും, കലാകാരികളും വൈവിദ്ധ്യമാർന്ന 91 കലാ പരിപാടികൾ അവതരിപ്പിച്ചു.

കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും സോണൽ സെക്രട്ടറിമാർ ഓർമ്മോപഹാരം സമ്മാനിച്ചു. കലോത്സവ സദസ്സിൽ നിന്ന്, സമാജത്തിൻ്റെ നിർദ്ധന വിദ്യാർത്ഥി പഠന സഹായ നിധിയിലേക്ക് വനിതാ വിഭാഗം സമാഹരിച്ച തുക(26,000രൂപ) വനിതാ വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ ഇതേ വേദിയിൽ സമാജം പ്രസിഡണ്ട് മുരളീധരൻ നായർക്ക് കൈമാറി.

കലോത്സവം വിജയിപ്പിക്കാൻ പ്രവർത്തിച്ച സോണൽ സെക്രട്ടറിമാർക്ക് സമാജം ഭാരവാഹികൾ ഓർമ്മോപഹാരം സമ്മാനിച്ചു. സമാജം ജോയന്റ് സെക്രട്ടറി ബീനോ ശിവദാസും, യുവജന വിഭാഗം ഭാരവാഹികളായ അബ്ദുൾ അഹദ്, ഷമീമ എന്നിവരുടെ നേതൃത്വത്തിൽ യുവജനവിഭാഗവും പരിപാടി നിയന്ത്രിച്ചു.

Related Posts