സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും മേയര്‍, ഡെപ്യൂട്ടിമേയര്‍, ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍, ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരക്ക് നടക്കും. ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടരക്കാണ് നടക്കുക. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയും മുന്‍സിപ്പാലിറ്റികളില്‍ പ്രത്യേകം വരണാധികാരികളെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിട്ടുണ്ട്.
ഒറ്റസ്ഥാനാര്‍ഥി മാത്രമെയുള്ളൂ എങ്കില്‍ ആ വ്യക്തി ജയിച്ചതായി പ്രഖ്യാപിക്കും. ഒന്നിൽ കൂടുതൽ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഓപ്പണ്‍ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തും. സ്ഥാനാര്‍ഥിയെ ഒരു അംഗം നാമനിര്‍ദേശം ചെയ്യുകയും മറ്റൊരാള്‍ പിന്തുണക്കുകയും ചെയ്യണം. ബാലറ്റിന് പിറകില്‍ വോട്ടു ചെയ്യുന്ന അംഗം പേരെഴുതി ഒപ്പിടണം. ഒരു തദ്ദേശ സ്ഥാപനത്തിലേക്ക് ആകെ തിരഞ്ഞടുത്ത അംഗങ്ങളുടെ പകുതിയെങ്കിലും ഉണ്ടെങ്കിലേ ക്വാറം തികഞ്ഞതായി കണക്കാക്കൂ. ജില്ലാ പഞ്ചായത്ത്, ഗ്രാമ, ബ്ലോക്ക് എന്നിവയിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പുകള്‍ നാളെ നടക്കും.