പ്രധാനമന്ത്രി നരേന്ദ്ര മോദി, വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം നാടിന് സമർപ്പിച്ചു. പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. ‘എല്ലാവർക്കും എൻ്റെ നമസ്ക്‌കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്‌മനാഭൻ്റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് ‘എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്‌ഘാടന പ്രസംഗം ആരംഭിച്ചത്.
കേരളത്തിൽ ഒരു ഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങൾ. ഇതിനിടയിലാണ് പുതുതലമുറ വികസനത്തിൻ്റെ മാതൃകയായി വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത്.

തുറമുഖം നിർമിക്കുന്നത് 8800 കോടി രൂപ ചെലവിട്ടാണ്. ഇതുവരെ 75 ശതമാനത്തിൽ അധികം ട്രാൻസ്ഷിപ്പ്മെൻ്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. ഇതിനു മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിൻ്റെ ദീർഘകാലമായ സ്വ‌പ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, ജി.ആർ. അനിൽ, ഗൗതം അദാനി, കരൺ അദാനി തുടങ്ങി നിരവധി പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.

Related Posts