തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തോൽവിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരിച്ചടികളെ അതിജീവിച്ച അനുഭവം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അപ്രതീക്ഷിത തിരിച്ചടിയാണ് എല്ഡിഎഫിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കാനായി എന്നതൊഴിച്ചാല്‍ ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. എല്‍ഡിഎഫിൻ്റെ അടിത്തറ തകർന്നിരിക്കുന്നുവെന്ന പ്രചാരണം ചിലർ നടത്തുന്നുണ്ട്. എന്നാൽ പകുതി ജില്ലാപഞ്ചായത്തുകളില്‍ ജയിക്കാൻ സാധിച്ചുവെന്നത് പ്രധാനമാണ്. എല്‍ഡിഎഫിൻ്റെ അടിത്തറയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വർഗീയ ശക്തികളുമായി ചേർന്നാണ് യുഡിഎഫ് മത്സരിച്ചത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും തിരിച്ചും കൈമാറി. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടുകൂടിയാണ് യുഡിഎഫ് മത്സരിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പ്രദേശം ഉള്‍ക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് വിജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു’- എംവി ഗോവിന്ദൻ വ്യക്തമാക്കി.