ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേവസ്വംബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക. കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി.
കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് കെഎസ് ബൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം.