കെപിസിസി പ്രസിഡണ്ടിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ. കോൺഗ്രസിന് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. കോൺഗ്രസിൻ്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. കെപിസിസി പുനഃസംഘടനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രം​​ഗത്തെത്തിയത്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം.

അതിനു മറുപടിയായാണ് ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിലിൻ്റെ പരാമർശം. നേതൃത്വത്തിൽ കഴിവുള്ള നേതാക്കൾ വരണം എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മതത്തിൻ്റെ പേരിൽ അവരെ തടയുന്നത് സങ്കടകരം ആണെന്നും ഫാ. ‍ഡോ. തോമസ് വർഗീസ്‌ അമയിൽ പറഞ്ഞു. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കിൽ അക്കാര്യം നേതൃത്വം തുറന്നു പറയണം. സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ സഭകൾ തുറന്നു പറയും. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് ചിലർ കണക്ക് കൂട്ടുന്നു. എന്നാൽ ഇത് മേഘവിസ്ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്.

Related Posts