ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ താരമായ നീരജ് ചോപ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നിലനിർത്താനായി ഇന്ന് ഫീൽഡിൽ ഇറങ്ങും.
തുടർച്ചയായ രണ്ടാം ലോക ചാമ്പ്യൻഷിലും സ്വർണ്ണം നേടുക എന്ന ലക്ഷ്യമാണ് നിലവിലെ ചാമ്പ്യൻ നീരജ് ചോപ്രയ്ക്കുള്ളത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.53 നാണ് പുരുഷ വിഭാഗം ജാവലിൻ ത്രോ ഫൈനൽ പോരാട്ടം. ഹംഗറിയിലെ ബുഡാപെസ്റ്റിൽ 2023 ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ഇന്ത്യക്കായി ചരിത്ര സ്വർണ്ണം സ്വന്തമാക്കിയത്. ബുധനാഴ്ച നടന്ന യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽത്തന്നെ ഫൈനൽ ടിക്കറ്റെ ടുത്താണ് നീരജിൻ്റെ വരവ്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ഏറിൽ 84.85 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു. ഫൈനലിലേക്കുള്ള യോഗ്യതാ മാർക്ക് 84.50 മീറ്റർ ആയിരുന്നു. പാരീസ് ഒളിമ്പിക്സിൽ നീരജിനെ പിന്തള്ളി സ്വർണ്ണം നേടിയ പാക്കിസ്ഥാൻ്റെ അർഷിദ് നദിമും ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.