സ്വകാര്യ മിനി വാന്‍ മോഷ്ടിച്ച കേസില്‍ 4 പേര് പിടിയിലായി. ഊരൂട്ടുമ്പലം ഗവ. എല്‍പി സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ മിനി വാന്‍ മോഷ്ടിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഊരൂട്ടുമ്പലം വേലിക്കോട് സ്വദേശികളായ എസ്. ജയസൂര്യ (18), അഖില്‍ ബാബു (20), കിടാപള്ളി സ്വദേശി ജെ. സജിന്‍ (21) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ആണ് മാറനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുക്കം പാലാമൂട് സ്വദേശി ഫിലോമിനയുടെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര വാന്‍ മോഷ്ടിക്കപ്പെട്ടത്. നീറാമണ്കുഴിയിലുള്ള അജു ഒരു മാസമായി വാടകയ്ക്ക് എടുത്താണ് ഈ മിനി വാന്‍ സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്നത്.
രാവിലെ 7:30ന് ഊരൂട്ടുമ്പലം ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ എടുക്കാനെത്തിയപ്പോഴാണ് മോഷണവിവരം അജു അറിയുന്നത്. തുടര്‍ന്ന് മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കവെ സംശയം തോന്നിയ നാട്ടുകാര്‍ നെയ്യാറ്റിന്‍കരയില്‍ വച്ച് പ്രതികളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. വാഹനം മോഷ്ടിച്ചത് കോവളം കാണാനാണെന്ന് പ്രതികള്‍ പറഞ്ഞു.