ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പോക്സോ നിയമപ്രകാരം എഇഒ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ) ഉൾപ്പെടെ 8 പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. ചന്തേര, നീലേശ്വരം പോലീസ് മാതാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കേസിലെ പ്രതിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവിൽ പോയി. ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് 16-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
ബേക്കൽ എഇഒ പടന്ന സ്വദേശി വി.കെ. സൈനുദ്ദീൻ (52), റെയിൽവേ ക്ലറിക്കൽ ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ് (48), പടന്നക്കാട്ടെ റംസാൻ (64), വൾവക്കാട്ടെ കുഞ്ഞഹമ്മദ് (55), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ (60), ചന്തേരയിലെ അഫ്സൽ (23), സുകേഷ് വെള്ളച്ചാൽ(30), തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ 8 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടിയെ വീട്ടിൽ വെച്ചും, വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാർത്ഥിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തുവന്നത്.
പരാതിയെ തുടർന്ന് വിദ്യാർത്ഥിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കണ്ണൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെ 15 ആളുകളുടെ പേരാണ് വിദ്യാർത്ഥിയുടെ മൊഴിയിൽ ഉള്ളത്. 2 കേസിൽ പ്രതിയാണ് അഫ്സൽ. ഒന്ന് പ്രേരണക്കുറ്റമാണ്. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ രണ്ട്, തലശ്ശേരിയിൽ ഒന്ന്, കോഴിക്കോട് കസബയിൽ രണ്ട്, കൊച്ചി എളമക്കരയിൽ ഒന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു. ബേക്കൽ എഇഒ വി.കെ. സൈനുദ്ദീനെ പോക്സോ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.