ദക്ഷിണേന്ത്യയുടെ ഗതാഗത സംവിധാനത്തിലെ ഒരു കുതിച്ചുച്ചാട്ടമാകും ബെംഗളൂരു – ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള എക്സ്പ്രസ് വേ. മലയാളികൾ ഏറെയുള്ള ബെംഗളൂരു, ചെന്നൈ നഗരങ്ങളിലെ ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് നേട്ടമാകുന്ന പാത. 2025 സെപ്റ്റംബർ മുതൽ ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഭാഗികമായി പ്രവർത്തനക്ഷമമാണെങ്കിലും ഇതുവരെ പൂർണമായി തുറന്നുനൽകാൻ സാധിച്ചിട്ടില്ല. കർണാടകയുടെ ഭാഗത്തെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും തമിഴ്നാടിൻ്റെ ഭാഗത്തെ നിർമാണ പ്രവൃത്തികൾ വൈകുന്നതാണ് തിരിച്ചടിയാകുന്നത്.
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ കർണാടകയിലെ ഹോസ്കോട്ടെ മുതൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂർ വരെ നീളുന്നതാണ്. 2019ൽ നിർമാണം ആരംഭിക്കുകയും 2024 അവസാനത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുകയും ചെയ്തുവെങ്കിലും പല കാരണങ്ങളാൽ പദ്ധതി വൈകി. 15,188 കോടി രൂപയുടെ ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതി പൂർത്തിയാകുമ്പോൾ കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, സംസ്ഥാനങ്ങളുടെ ഗതാഗതം അതിവേഗത്തിലാകും. 262 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി ആക്സസ് നിയന്ത്രിത ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ 2026 മധ്യത്തോടെ പൂർത്തിയാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. 70 കി.മീറ്ററിലധികം ദൂരം പൊതുജനങ്ങൾക്കായി കർണാടക തുറന്നുനൽകി. ഹോസ്കോട്ടിനും കോലാർ ഗോൾഡ് ഫീൽഡ്സിനും ഇടയിലുള്ള 71.7 കിലോമീറ്റർ ദൂരമാണ് തുറന്നുനൽകിയത്.
കർണാടകയുടെ ഭാഗത്തെ നിർമ്മാണം അതിവേഗം പുരോഗമിക്കുമ്പോഴും തമിഴ്നാടിൻ്റെ ഭാഗത്ത് പ്രതിസന്ധി തുടരുകയാണ്. പാത കടന്നുപോകുന്ന ആരക്കോണം – കാഞ്ചീപുരം റോഡിലെ 102 വൈദ്യുതി ടവറുകളിൽ 22 എണ്ണം ഇനിയും മാറ്റാൻ സാധിക്കാത്തതാണ് പുതിയ തിരിച്ചടി. കഴിഞ്ഞ വർഷം പൂർത്തിയാകേണ്ടിയിരുന്ന ഗുഡിപാലയ്ക്കും ശ്രീ പെരുമ്പുത്തൂരിനും ഇടയിലുള്ള 106 കിലോമീറ്റർ ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ നിർമ്മാണം അരക്കോണം – കാഞ്ചീപുരം (25.5 കിലോമീറ്റർ) ഭാഗത്തെ ഹൈ വോൾട്ടേജ് വൈദ്യുതി ടവറുകളും ട്രാൻസ്മിഷൻ ലൈനുകളും മാറ്റിസ്ഥാപിച്ചതിനാൽ വൈകുകയാണ്.
കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലെ ഒന്നിലധികം സബ്സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതും തമിഴ്നാട് ട്രാൻസ്മിഷൻ കോർപറേഷൻ്റെ (ടാൻട്രാൻസ്കോ) കീഴിലുള്ള 400 കെവി ട്രാൻസ്മിഷൻ ലൈനുകളുടെ ടവറുകൾ ഇതുവരെ മാറ്റിസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ എക്സ്പ്രസ് വേയുടെ ഏകദേശം 4.5 കിലോമീറ്റർ ഭാഗത്തെ നിർമാണം തടസ്സപ്പെട്ട അവസ്ഥയിലാണ്.
102 ടവറുകളിൽ ഏകദേശം 80 എണ്ണം ഇതിനകം മാറ്റിസ്ഥാപിച്ചതായും ബാക്കിയുള്ള 22 എണ്ണം മാറ്റിസ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്ന പതിവ് രീതി ഉപേക്ഷിച്ച് വൈദ്യുതി ടവറുകൾ മാറ്റിസ്ഥാപിക്കുകയാണ് നിലവിൽ സ്വീകരിച്ചിരിക്കുന്ന രീതി. വൈദ്യുതി ടവറുകൾ മാറ്റിസ്ഥാപിക്കുന്നതിനായി കണ്ടെത്തിയ ഭൂമിയുടെ ഉടമകൾ കോടതിയെ സമീപിച്ചതാണ് തിരിച്ചടിയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചെന്നൈ, ബെംഗളൂരു നഗരങ്ങൾ തമ്മിലുള്ള നിലവിലെ യാത്രാ സമയം ആറ് മുതൽ ഏഴ് മണിക്കൂറാണ്. റോഡ് പൂർത്തിയാകുന്നതോടെ ഇത് വെറും മൂന്ന് മണിക്കൂറായി കുറയും. ചെന്നൈ – ബെംഗളൂരു ബൈപാസിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും എക്സ്പ്രസ് വേ സഹായിക്കും. വാഹന ഗതാഗതത്തിൻ്റെ ഏകദേശം 20 ശതമാനം – 25 ശതമാനം ബൈപാസിൽ നിന്ന് പുതിയ എക്സ്പ്രസ് വേയിലേക്ക് തിരിച്ചുവിടുമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. വാഹനങ്ങൾക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് പാത രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയിൽ എട്ട് വരികളായി വികസിപ്പിക്കാൻ സാധിക്കും.