കോതമംഗലം ഊന്നുകല്ലിന് സമീപം ആൾത്താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത (61) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടിയിട്ടില്ല.

ഊന്നുകല്ലിൽ അടച്ചിട്ടിരിക്കുന്ന ഹോട്ടലിൻ്റെ പിന്നിലെ വീട്ടിൽ വെള്ളിയാഴ്ച‌ ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ വൈദികൻ്റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് ഹോട്ടലും വീടും. വീടിൻ്റെ അടുക്കള ഭാഗത്തെ വർക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രത്യേക അന്വേഷണ സംഘം പ്രതിക്കായി ഊർജിതമായ തിരച്ചിൽ നടത്തുന്നു. മുവാറ്റുപുഴ ഡിവൈഎസ്‌പിയുടെയും പെരുമ്പാവൂർ എഎസ്‌പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹം നേര്യമംഗലം പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു. ശാന്തയുടെ മക്കൾ: ബിജിത്ത്, ബിന്ദു, മരുമകൾ: ഐശ്വര്യ

Related Posts