തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നേമം കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപമുണ്ടായ സംഭവത്തിൽ ബിൻസി ആണ് മരിച്ചത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുനിൽ ബുധനാഴ്ച രാത്രി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിൻസിയെ കണ്ടെത്തിയത്.
ശാന്തിവിളയിലെ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിൻസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സുനിൽ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതാണ് വഴക്കിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രതിയെ നേമം പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.