നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജനകീയ പ്രതിപക്ഷ പ്രതിരോധമുന്നണിയായി മത്സരിക്കാൻ പി.വി. അൻവർ. തൃണമൂൽ കോൺഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. തൊഴിൽ, കാർഷികം, വ്യാപാരം, സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നുള്ള സംഘടനകൾ തനിക്ക് പിന്തുണ അറിയിച്ചതായി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ വ്യക്തിഹത്യ നടത്തുകയാണെന്ന് അൻവർ ആരോപിച്ചു. ഇവരുടെ നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകൾ എൻ്റെ കൈയിലുണ്ട്. നിലമ്പൂർ അങ്ങാടിയിൽ വേണ്ടിവന്നാൽ ടിവി വെച്ച് അതൊക്കെ കാണിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

ഇവയൊക്കെ പുറത്തുവിട്ടാൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല. തന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന വി.ഡി. സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൌക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു വാണിങ് ആയി പറയുകയാണ്. ഒരു പരിധികഴിഞ്ഞാൽ പ്രതിരോധിക്കേണ്ടിവരുമെന്നും അൻവർ പറഞ്ഞു.

കോൺട്രാക്ടർമാരിൽ നിന്ന് നവകേരളസദസിൻ്റെ പേരിൽ കോടിക്കണക്കിന് രൂപ റിയാസ് ഭീഷണിപ്പെടുത്തി പിരിച്ചു വെന്ന് അൻവർ ആരോപിച്ചു. കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിൻ്റെ തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും അൻവർ പറഞ്ഞു.

തന്നെ വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ചൊവ്വാഴ്‌ച വാർത്താ സമ്മേളനത്തിൽ പറയുമെന്ന് അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമർശത്തിനും അദ്ദേഹം മറുപടി പറഞ്ഞു. തന്നെ യുഡിഎഫ് കറിവേപ്പിലയാക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നൽകിയെന്നും അദ്ദേഹം ചോദിച്ചു.

Related Posts