ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനഫലത്തിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. സെബാസ്റ്റ്യൻ ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതൽ ബലം പകരുന്ന തെളിവാണിത്.
വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി സെബാസ്റ്റ്യൻ പണയം വെച്ച സ്വർണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നേരത്തേ സെബാസ്റ്റ്യൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാൽ, ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.