ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ ജയ്‌സാല്‍മീറിലെ പ്രതിരോധ വകുപ്പ് (ഡിആര്‍ഡിഒ -ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍) ഗസ്റ്റ് ഹൗസ് മാനേജറെ അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയായ മഹേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. ഇയാള്‍ 2008 മുതല്‍ ഗസ്റ്റ് ഹൗസില്‍ ജോലി ചെയ്ത് വരികയാണ്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ചന്ദനിലാണ് ഗസ്റ്റ് ഗൗസ് സ്ഥിതി ചെയ്യുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉന്നത ഡിആര്‍ഡിഒ ശാസ്ത്രജ്ഞരും ഇവിടെ പതിവായി താമസിക്കാറുണ്ട്.

തുടര്‍ച്ചയായ നിരീക്ഷണത്തിനുശേഷവും രഹസ്യന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ചാരവൃത്തിയുടെ പ്രധാന തെളിവുകള്‍ മഹേന്ദ്രപ്രസാദിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും ചാറ്റുകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ കുറച്ചുകാലമായി പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായി സൂചനകള്‍ വ്യക്തമാക്കുന്നു. ചോര്‍ത്തി നല്‍കിയ വിവരങ്ങളുടെ കാലയളവ്, സ്വഭാവം, അതിന്‍റെ സൂക്ഷ്മ സ്വഭാവം, എന്നിവ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തി വരികയാണ്.

Related Posts