കോട്ടയം പിണ്ണാക്കനാട് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. സി.എം.എസ് കോളനി കൊള്ളിക്കൊളവിൽ അലൻ–സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്സാണ് മരിച്ചത്.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറിന് ഉയരമുള്ള ആൾമറ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിൽ പാമ്പിനെ കണ്ടതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.