സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വി.എസിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. പട്ടം- കേശവദാസപുരം നിലവിൽ പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻ ജനാവലിയാണ് വി.എസിനെ അവസാന നോക്കു കാണാൻ തടിച്ചു കൂടിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ല കടക്കാൻ നിലവിലെ സ്ഥിതിയിൽ വിലാപയാത്ര അർധരാത്രിയാകും. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങൾക്കു നടുവിലൂടെ വളരെ മെല്ലെയാണ് വിലാപയാത്ര കടന്നുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് കൊല്ലം നഗരത്തിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്. ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ജില്ലയിലെ ആദ്യത്തെ കേന്ദ്രം പാരിപ്പള്ളിയിലാണ്.
വിലാപയാത്ര കൊല്ലത്ത് 8 ഇടങ്ങളിലൂടെയാണ് കടന്നുപോവുക. ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികൾക്ക് ഓരോ ഇടവും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. വഴിയിലുടനീളം ജനസാഗരം അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നതിനാൽ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക.
ബുധനാഴ്ച രാവിലെ പുന്നപ്രയിലെ വീട്ടിൽ നിന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദർശനത്തിന് വെക്കും. ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്കാരം.