3 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് മുമ്പ് ചക്ക കഴിച്ചതിനാൽ മദ്യപാന പരിശോധനയില്‍ ‘കുടുങ്ങി’. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിൽ ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ ഡ്രൈവര്‍മാരെ കൊണ്ട് എല്ലാ ദിവസവും ബ്രത്തലൈസറില്‍ ഊതിപ്പിക്കുന്ന പതിവുണ്ട്. ഡ്രൈവർമാരിൽ ഒരാള്‍ ഊതിയപ്പോള്‍ ബ്രത്തലൈസറിലെ അളവ് പൂജ്യത്തില്‍ നിന്ന് 10 ആയി.
ഡ്രൈവര്‍ ആണയിട്ടു പറഞ്ഞു താന്‍ മദ്യപിച്ചിട്ടില്ലെന്ന്. രക്തപരിശോധന നടത്താനും ആവശ്യപ്പെട്ടു. ഇതോടെ മറ്റു ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി ഊതിച്ചപ്പോൾ ചക്ക തിന്നവരെല്ലാം മദ്യപിച്ചെന്ന പോലെയുള്ള ഫലമാണ് യന്ത്രം നല്‍കിയത്. ചക്ക തിന്നാത്തവരെ കൊണ്ട് ഊതിപ്പിച്ചപ്പോള്‍ റിസള്‍ട്ട് പൂജ്യം. എന്നാല്‍, ചക്ക കഴിച്ച് നോക്കിയപ്പോള്‍ റിസള്‍ട്ട് 10 ആയി. പ്രശ്നം ഇതോടെ ചക്കയാണെന്ന് അധികൃതര്‍ ഉറപ്പിച്ചു.
തൊഴില്‍സ്ഥലത്തേക്ക് നല്ല പഴുത്ത വരിക്ക ചക്ക കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് കൊണ്ടുവന്നത്. ആദ്യം ചക്കപ്പഴം കഴിച്ചത് രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുന്‍പ് ഡ്രൈവര്‍മാരിലൊരാളാണ്. ആദ്യം ഇദ്ദേഹമാണ് ബ്രത്തലൈസറില്‍ കുടുങ്ങിയത്. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താന്‍ കഴിയും.