കൊല്ലം സ്വദേശിനിയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം എന്ന ആവശ്യവുമായി കുടുംബം. ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി. ചൊവ്വാഴ്ച കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയനെയും (33) ഒന്നരവയസുകാരിയായ മകൾ വൈഭവിയേയുമാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടിലേക്ക് വിപഞ്ചകയുടെ ഭർത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും എത്തിച്ച് വിചാരണ ചെയ്യണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. ഭർത്താവും വീട്ടുകാരും ചേർന്ന് മകളെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
നേരത്തെ കുടുംബം കേരള പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് പോകുന്ന ഘട്ടത്തിൽ ബുദ്ധിമുട്ടുകൾ വരാനുള്ള സാധ്യതയുണ്ട്. ഈ സ്ഥിതി കണക്കിലെടുത്താണ് കുടുംബം അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറണം എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.
മകളുടെയും തന്റെയും മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടിയുണ്ടാവണം എന്ന് വ്യക്തമാക്കിയിട്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭർത്താവിൻ്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തിയിട്ടുള്ളത്.