പാലക്കാട് പൊൽപ്പുള്ളിയിൽ മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു. അപകടത്തിൽ എമിലീന (4), ആൽഫ്രഡ് (6) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ എൽസി മാർട്ടിൻ, സഹോദരി അലീന (10) എന്നിവർ ചികിത്സയിൽ തുടരുകയാണ്. എൽസിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചിനാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എൽസി ജോലി കഴിഞ്ഞ് തിരിച്ചെത്തി വീടിനു മുന്നിൽ കാർ നിർത്തിയിട്ടിരുന്നു. വീടിന്‍റെ മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മക്കൾക്കൊപ്പം പുറത്തുപോകാനായി 1 മണിക്കൂറിനുശേഷം കാറിൽക്കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എൽസിയും കുടുംബവും 5 വർഷം മുൻപാണ് പൊൽപ്പുള്ളി പുളക്കാട്ട് താമസമായത്. കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററി ഷോർട്ട് സർക്യൂട്ട് സംഭവിച്ചതായിരിക്കാം തീ പിടിക്കാൻ കാരണമെന്നാണ് ഫയർഫോഴ്‌സിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Related Posts