എറണാകുളം തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ജീവനക്കാരിയും മുൻ ജീവനക്കാരനും അറസ്റ്റിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശിനി സനമോൾ എം.എ. (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ 2022 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ, ദിവസേന ലഭിച്ചിരുന്ന പണത്തിൽ നിന്ന് തുക ക്രമാതീതമായി മാറ്റി മുൻ ജീവനക്കാരനായ രഞ്ജു സാജിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സ്ഥാപനത്തിൻ്റെ വരവുചെലവുകളിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടമ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
തട്ടിപ്പ് വെളിപ്പെട്ടതിന് പിന്നാലെ സനമോൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തിൽ, നേപ്പാൾ വഴി കൊച്ചിയിലെത്തിയപ്പോഴാണ് സനമോളെ അറസ്റ്റ് ചെയ്തത്. തുടർന്ന് രഞ്ജു സാജിനെയും കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തിൻ്റെ ഉപയോഗവും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.