‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് 6 മത്സരാർത്ഥികൾ. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ’യുടെ തെരഞ്ഞെടുപ്പിൽ ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി. 5 പേരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന്, ബാബുരാജ്, കുക്കു പരമേശ്വരന് എന്നിവര്‍ മത്സരിക്കും.
എന്നാൽ, 93 പത്രികകളാണ് അമ്മ തെരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധന തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. നല്ല അമ്മയാക്കി, ശുദ്ധമുള്ള അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ പറഞ്ഞു.
സംഘടന അംഗമായ നടി സരയു പറഞ്ഞത് ആരോപണ വിധേയർക്കും മത്സരിക്കാമെന്നാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി. ആസിഫ് അലി ഇതിനിടെ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ താരങ്ങള്‍ നേതൃനിരയിലേക്ക് വരണമെന്നും സംഘടനയുടെ അംഗമായി നില്‍ക്കാനാണ് ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു.
“അമ്മ എന്ന സംഘടന ആവശ്യമാണ്. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആളുകള്‍ ചോദ്യം ചെയ്തിട്ടുള്ളതും. പക്ഷേ സംഘടന ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. അതില്‍ ഇത്രയും വര്‍ഷം നിന്നൊരാളെന്ന നിലയില്‍ എനിക്കത് അറിയാം. പുതിയ ആളുകള്‍ സംഘടനയുടെ തലപ്പത്തേക്ക് വരേണ്ട ആവശ്യമുണ്ട്.
അതിന് അനുയോജ്യരായിട്ടുള്ളവര്‍ വരണം. സംഘടനയുടെ തലപ്പത്തേക്ക് വരാന്‍ ഞാന്‍ അനുയോജ്യനല്ല. വളരെ മോശമാണ് എന്റെ ആശയവിനിമയം. ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ആളാണ് ഞാന്‍. കുറച്ചുകൂടി മര്യാദയുള്ള ആളാണ് ഒരു സംഘടനയില്‍ നില്ക്കുമ്പോള് വേണ്ടത്” എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകള്‍.